ഇപിഎഫ്ഒയുടെ ഓഹരിയിലെ നിക്ഷേപ മൂല്യം 2.26 ലക്ഷം കോടിയായി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ(ഇപിഎഫ്ഒ)ന്റെ ഓഹരിയിലെ നിക്ഷേപ മൂല്യം 2,26,919.18 കോടി രൂപയായി. 2022 മാര്‍ച്ച് 31വരെയുള്ള 1,59,299.46 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്നാണ് ഈനേട്ടം. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഇടിഎഫി(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്)ലെ നിക്ഷേപത്തില്‍നിന്ന് 265.63ശതമാനമാണ് ആദായം ലഭിച്ചത്.
2015 ഓഗസ്റ്റ് ഒന്നു മുതലാണ് ഇടിഎഫ് വഴി ഇപിഎഫ്ഒ ഓഹരിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇടിഎഫില്‍ നിക്ഷേപിച്ചിട്ടുള്ളത് 12,199.26 കോടി രൂപയാണ്. ജൂണ്‍ പാദത്തില്‍ ഡെറ്റിലും ഓഹരിയിലുമായുള്ള ഇപിഎഫ്ഒയുടെ മൊത്തം നിക്ഷേപം 84,477.67 കോടി രൂപയാണ്. ഓഹരി നിക്ഷേപത്തില്‍ ഓരോവര്‍ഷവും ഇപിഎഫ്ഒ വര്‍ധനവരുത്തുന്നുണ്ട്. 2015ല്‍ മൊത്തം നിക്ഷേപത്തിന്റെ അഞ്ചുശതമാനമായിരുന്നു ഇടിഎഫില്‍ മുടക്കിയത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 10ശതമാനമായും 2017-18 വര്‍ഷത്തില്‍ 15ശതമാനമായും വിഹിതം ഉയര്‍ത്തി. പലിശ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും 8.1ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ്ഒയ്ക്ക് കഴിയുന്നത് ഓഹരിയില്‍നിന്ന് മികച്ച നേട്ടം നലഭിച്ചതുകൊണ്ടാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലെ ഉയര്‍ന്ന ആദായം പോലും 7.5ശതമാനമാണ്.